ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്ട്രി ക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ എൻജിനീയറിങ്ങ്, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ ഒക്ടാബർ 11 ന് രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847312698, 9496043657.
സിഡിഎസ് അക്കൗണ്ടന്റ് താൽക്കാലിക നിയമനം
കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷക സിഡിഎസ് ഉൾപ്പെടുന്ന പുഴക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാകണം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇൻർനെറ്റ് അപ്ലിക്കേഷൻസ്) ഉണ്ടാകണം. അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31ന് ). മേൽപ്പറഞ്ഞ യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ ലഭ്യമായ അപേക്ഷയിൽ നിന്നുള്ള ഉദ്യോഗാർത്ഥിയെ പരിഗണിക്കും.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 11 ന് വൈകീട്ട് 5 ന് 5 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും.
യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ – 680003. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കും.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 17,000 രൂപയാണ് പ്രതിമാസ വേതനം. ടി.എയും ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695
സ്പേസ് പാർക്കിൽ ഒഴിവുകൾ
ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.
സെക്യൂരിറ്റി ഗാർഡ് നിയമനം
വടകര കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0496 2536125, 2537225
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.
ബാർജ് സ്രാങ്ക് താത്കാലിക നിയമനം
എറണാംകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് (താത്കാലികം) തസ്തികയിൽ 10 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 13 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . പ്രായ പരിധി : 18 -37 നിയമാനുസൃത വയസ്സിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ). വിദ്യാഭ്യാസ യോഗ്യത : സാക്ഷരത, കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം ഇഷ്യൂ ചെയ്ത നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ് /സെക്കൻഡ് ക്ലാസ്) ( LITERACY, CURRENT MASTER LICENSE (FIRST CLASS /SECOND CLASS) ISSUED UNDER KERALA INLAND VESSEL RULE 2010)
വനിതാ കാറ്റില്‍ കെയര്‍ നിയമനം
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള ഇന്റര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.
⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3. ഫോൺ: 0471 2311842.
ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം അഥവാ ഡിപ്ലോമയുള്ളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം.
20 നും 35നും മധ്യ പ്രായമുള്ള , കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവ്യത്തി പരിചയം , ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934
ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി-ടെക് ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് careerbiomed2021@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.
⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌⇌
താത്കാലിക ക്ലർക്ക് നിയമനം
ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും.
ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100.
സ്വീപ്പർ തസ്തിക ഒഴിവ്
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത . താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 04862 232246, 297617, 8547005084.
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത . താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:- 04862 232246, 297617, 8547005084.
കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനം
ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികൾ സിഡിഎസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
പ്ലസ് ടു / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായപരിധി 18 -35 വയസ്സ്.
എഴുത്തു പരീക്ഷയുടേയും കമ്പ്യൂട്ടർ പരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10000/- രൂപ ഓണറേറിയവും പരമാവധി 2000/- രൂപ യാത്രാബത്തയും മാത്രമാണ് ലഭിക്കുക.
അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സിഡിഎസിൽ നിന്നോ ലഭിക്കും. അപേക്ഷകർ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസിൽ നിന്നും സിഡിഎസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം /കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കുടുംബശ്രീ,രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്നീ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. ഫോൺ 0487 2362517.
അക്രഡിറ്റഡ് എൻജിനീയർ നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു.
സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.
കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലുമുള്ള പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.
സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.